യോഗശാസ്ത്രം

Logga_5

ഇന്ന് ഞാൻ ഒരു വെബ്‌സൈറ്റിൽ യോഗ ശാസ്ത്രത്തെ കുറിച്ച് ഒരു ലേഖനം വായിക്കാനിടയായി. പൊതുവെ നമ്മൾ യുവാക്കൾക്ക് യോഗ ശാസ്ത്രത്തെ കുറിച്ചുള്ള അറിവ് വളരെ വിരളമാണ്. ഇന്ന് നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മുടെ സംസ്കാരത്തിൽ നിന്നും വേർപെട്ടുപോകാൻ സാധ്യതയുള്ള ഇത്തരം അറിവുകൾ നമ്മൾ ശേഖരിച്ചു വെക്കേണ്ടത് വളരെ അത്യാവശ്യമാണ്. യോഗ ശാസ്ത്രം എന്നാൽ എന്താണ്, അത് എങ്ങനെ ഉണ്ടായി, അതുകൊണ്ട് നമ്മൾക്ക് എന്ത് ലഭിക്കുന്നു എന്നിങ്ങനെയുള്ള പല കാര്യങ്ങളും നാം മനസിലാക്കേണ്ടതുണ്ട്. ഇതിൽ യോഗ ശാസ്ത്രത്തെ കുറിച്ചുള്ള ഒരു അവലോകനം മാത്രമേ പറയുന്നുള്ളൂ. അത് ചെയ്യേണ്ട രീതികളും മറ്റും ഒന്നും പ്രതിപാദിക്കുന്നില്ല. വരുന്ന തലമുറയ്ക്കും മറ്റും നമ്മളാണ് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടി വരിക എന്ന ഒരു ബോധം നമ്മളിൽ ഉണ്ടാകേണ്ടതുണ്ട്. കാലങ്ങൾ കഴിഞ്ഞ് ഒരു കുട്ടി നമ്മുടെ അടുത്ത് വന്നു “എന്താണ് യോഗ ശാസ്ത്രം ?” എന്ന് ചോദിച്ചു കഴിഞ്ഞാൽ നമുക്ക് അതിന്റെ അർത്ഥവത്തായ മറുപടി പറയാൻ കഴിയണമെങ്കിൽ ഇത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അതുകൊണ്ട് ഇതിനെ കുറിച്ച് ഒരു അറിവ്  നമ്മളിൽ ഉണ്ടാകുന്നത് വളരെ ഉപകാരപ്രദമായിരിക്കും. ഞാൻ വായിച്ച ആ ലേഖനത്തിലെ കുറച്ചു ഭാഗം ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു. നമ്മൾ അറിഞ്ഞിരിക്കേണ്ട പൊതുവായ ചില കാര്യങ്ങൾ,അത്രമാത്രം…

യോഗശാസ്ത്രം പുരാതന ഗ്രന്ഥങ്ങളില്‍

യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്താണെന്നുള്ളത്‌ മറ്റുള്ളവര്‍ക്ക്‌ ബോധ്യമാവുന്ന രീതിയില്‍ വിവരിക്കുക അത്ര എളുപ്പമല്ല. മാനവരാശിക്കുള്ള പ്രാചീന ഭാരതത്തിന്റെ സംഭാവനയാണ്‌ യോഗശാസ്ത്രം.

വേദം, ഉപനിഷത്ത്‌, പുരാണം, ഇതിഹാസം ഇവയിലെല്ല‍ാം യോഗശാസ്ത്രത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. ഓരോ ഗ്രന്ഥത്തിലും ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ ഒറ്റ നോട്ടത്തില്‍ വ്യത്യസ്തമായി തോന്നാമെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ ഒന്നുതന്നെയാണെന്ന്‌ മനസ്സിലാകും.

“യോഗസ്ഥ: കുരുകര്‍മ്മാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധസിദ്ധ്യോ:സമോഭൂത്വം സമത്വം യോഗ ഉച്യതേ.” (ഭഗവദ്ഗീത 2/48)

അല്ലയോ അര്‍ജ്ജുനാ, ബ്രഹ്മനിഷ്ഠനായി ജയത്തിലും പരാജയത്തിലും ചിത്തത്തെ സമനിലയില്‍നിര്‍ത്തി ഫലാസക്തിവെടിഞ്ഞ്‌ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കൂ, മനസ്സിന്റെ സമനിലയാണ്‌ ആത്മനിഷ്ഠ അഥവാ യോഗം.

വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകാറുണ്ട്‌. രാഗം, ദ്വേഷം, സുഖം, ദുഃഖം, മാനം, അപമാനം, നിന്ദ, സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്‌. ഒരിക്കലും ഇണപിരിയാത്ത ഇരട്ടകളാണ്‌ ദ്വന്ദ്വങ്ങള്‍. മനസ്സ്‌ ദ്വന്ദങ്ങള്‍ക്ക്‌ അതീതമായിരിക്കുന്നതാണ്‌ സമാധി അല്ലെങ്കില്‍ യോഗം. വിഷയങ്ങളില്‍ മുഴുകിയ മനസ്സിനെ ആത്മാവിലേക്ക്‌ തിരിക്കുന്നതാണ്‌ യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്‌.

അഷ്ട‍ാംഗ യോഗത്തിന്റെ ഉപജ്ഞാതാവായ പതഞ്ജലി മഹര്‍ഷിയാണ്‌ ഏറ്റവും ലളിതവും സരളവുമായ രീതിയില്‍ യോഗശാസ്ത്രത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌. “യോഗ: ചിത്തവൃത്തിനിരോധ:“എന്നാണ്‌ അദ്ദേഹം പറഞ്ഞിട്ടുള്ളത്‌. ചിത്തത്തിന്റെ വൃത്തികളെ(ചിന്തകളെ)അനുഗുണമായി നിയന്ത്രിക്കുക എന്നതാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിത്തം നാനാവൃത്തികള്‍ കൈക്കൊള്ളുന്നതിനെ തടയുക എന്നതുതന്നെയാണിത്‌. സ്വതവേ ചഞ്ചലമായ മനസ്സിനെ കൂടുതല്‍ ചഞ്ചലമാക്കുന്നത്‌ പഞ്ചേന്ദ്രിയങ്ങളാണ്‌. പഞ്ചേന്ദ്രിയ നിഗ്രഹത്തിലൂടെ മാത്രമേ മനസ്സിനെ ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ്‌ പതഞ്ജലി മഹര്‍ഷി പ്രത്യാഹാരമെന്ന മാര്‍ഗത്തിന്‌ അഷ്ട‍ാംഗയോഗത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌.

യോഗാഭ്യാസം പരിണാമത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു എന്നാണ്‌ മഹര്‍ഷി അരവിന്ദന്‍ വെളിപ്പെടുത്തുന്നത്‌. ജന്മജന്മാന്തരങ്ങളായി, മൃഗത്വത്തില്‍നിന്ന്‌ ദൈവികത്വത്തിലേക്കുള്ള, പ്രയാണത്തിന്റെ വേഗതകൂട്ടി പരമാവധി നേരത്തെ ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ യോഗമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഒരുവന്‌ സാധിക്കുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളുടെ പൂര്‍ണവികാസം അവന്റെ ശാരീരിക, മാനസിക, ബൗദ്ധിക, ആത്മീയ, പ്രാണീയ, വൈകാരിക തലങ്ങളുടെ സമഗ്രവും ശാസ്ത്രീയവുമായ സമന്വയത്തിലൂടെയാണ്‌ നേടാന്‍ കഴിയുക.

മേല്‍ സമന്വയം തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ യോഗം കൊണ്ടുദ്ദേശിക്കുന്നതും. അതില്‍നിന്നുണ്ടാകുന്ന ആനന്ദമാണ്‌ യഥാര്‍ത്ഥത്തില്‍ യോഗശാസ്ത്രത്തിലൂടെ നേടാന്‍ കഴിയുന്ന ഒരുവന്റെ ആത്യന്തികമായ ജീവിതലക്ഷ്യവും. മനുഷ്യന്‍ പ്രകൃതിയുമായി സമരസപ്പെട്ട്‌ അതില്‍ ലയിച്ചു ചേരുന്നതിനെയുമാണ്‌ യോഗം കൊണ്ടര്‍ത്ഥമാക്കുന്നത്‌. അതാണ്‌ ശരിയായ അല്ലെങ്കില്‍ ശാസ്ത്രീയമായ ജീവിതരീതി. ഇന്ന്‌ ഇത്‌ ആധുനിക മനുഷ്യന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതുതന്നെയാണ്‌ അവന്റെ നിലവിലുള്ള പ്രശ്നങ്ങളുടെ ശാശ്വതമായ പരിഹാരമാര്‍ഗവും.

യോഗദര്‍ശനം – ഒരു ആമുഖം

യോഗയുമായി ബന്ധപ്പെട്ട്‌ മുന്‍പ്‌ പരാമര്‍ശിക്കപ്പെട്ട ചിന്തകള്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള അപൂര്‍ണ്ണമായ അല്ലെങ്കില്‍ തെറ്റായ സങ്കല്‍പങ്ങളാണ്‌. യോഗശാസ്ത്രം എന്തല്ല എന്ന്‌ മനസ്സിലാക്കുവാന്‍ അത്‌ സഹായിക്കുന്നു. യോഗം എന്തല്ല എന്ന്‌ അറിയുന്നതോടെ യോഗം എന്താണെന്നുള്ള പഠനത്തിന്റെ ആരംഭവും ആകുന്നു.

സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍ എന്തിന്‌ മുഴുകിയിരിക്കുന്നു. യുഗങ്ങളിലൂടെ കടന്നുവന്ന മനുഷ്യന്‍ ഇപ്പോഴും എപ്പോഴും ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. സുഖം, സന്തോഷം, ആനന്ദം, സച്ചിദാനന്ദം, മോക്ഷം, നിര്‍വാണം, കൈവല്ല്യം തുടങ്ങിയ സമാന അര്‍ത്ഥമുള്ള വ്യത്യസ്തവാക്കുകള്‍ സ്ഥിരോത്തരങ്ങളായി നിലവിലുണ്ട്‌. വിശാലാര്‍ത്ഥത്തില്‍ ‘സുഖം’ എന്ന അക്ഷരത്തില്‍ ഉത്തരം ഒതുങ്ങിനില്‍ക്കുന്നതായി കാണ‍ാം. ഈ സുഖത്തിന്റെ അളവും ദൈര്‍ഘ്യവും ഒരുവന്‍ ചെയ്യുന്ന കര്‍മത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ്‌ നിശ്ചയിക്കപ്പെടുന്നത്‌.

നൈമിഷിക സുഖങ്ങള്‍ക്കപ്പുറം അഖണ്ഡവും അനന്തവുമായ സുഖം അന്വേഷിച്ചിറങ്ങിയ നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ലക്ഷ്യപ്രാപ്തിക്കായി നാല്‌ പ്രധാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയുണ്ടായി. ചതുര്‍യോഗങ്ങള്‍ എന്നറിയപ്പെടുന്ന ഇവ രാജയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, കര്‍മ്മയോഗം എന്നിവയാകുന്നു. ഇതില്‍ രാജയോഗമാണ്‌ യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നിരിക്കുന്നത്‌.

യോഗ്‌” എന്ന വാക്ക്‌ “യുജ്‌” എന്ന സംസ്കൃത ധാതുവില്‍നിന്ന്‌ ഉത്ഭവിച്ചതാണ്‌. അതിന്റെ അര്‍ത്ഥം “കൂടിച്ചേരുക” എന്നതാകുന്നു. ആര്‌ ആരുമായി അല്ലെങ്കില്‍ എന്ന്‌ എന്തുമായി ചേരുന്നതിനേയാണ്‌ “യോഗം” എന്ന പദപ്രയോഗംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന ചോദ്യം സ്വാഭാവികമാണ്‌. ശിവനും ശക്തിയും തമ്മിലുള്ള ശിവശക്തിസംയോഗം, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള യോഗം, നരനും നാരിയും തമ്മിലുള്ള നരനാരിസംയോഗം, പ്രകൃതിയും പുരുഷനും തമ്മിലുള്ള യോഗം തുടങ്ങിയവയാണ്‌ യോഗികള്‍ പറയുന്ന മറുപടി. വിശാലാര്‍ത്ഥത്തില്‍ എല്ല‍ാം ഒന്നു തന്നെയാണെന്നതാണ്‌ സത്യം.

ചിതറിക്കിടന്നിരുന്ന യോഗസങ്കല്‍പങ്ങളെ ചിട്ടയോടും ശാസ്ത്രീയമായും ഏകോപിപ്പിച്ച്‌ അടുക്കും ചിട്ടയുമുള്ള ഒരു ശാസ്ത്രശാഖയാക്കി മാറ്റുന്നതിന്‌ പതഞ്ജലി മഹര്‍ഷി വഹിച്ച പങ്ക്‌ സ്തുത്യര്‍ഹമാണ്‌. പതഞ്ജലീയോഗസൂത്രമാണ് രാജയോഗത്തിന്റെ നിലവിലുള്ള മുഖ്യ പ്രമാണവും മൂലഗ്രന്ഥവും.

അദ്ദേഹം രാജയോഗത്തെ എട്ട്‌ അംഗങ്ങളായി (അഷ്ട‍ാംഗം) വിഭജിച്ചിരിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ട‍ാംഗയോഗത്തിലെ എട്ട്‌ അംഗങ്ങള്‍. ഓരോ അംഗവും വളരെ ശ്രദ്ധയോടും ആദരവോടും അഭ്യസിക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഓരോ അംഗവും ഒറ്റനോട്ടത്തില്‍ നിന്ന്‌ വിഭിന്നമാണെന്ന്‌ തോന്നുമെങ്കിലും അവ പരസ്പ്പരം പൂരകങ്ങളും സൂക്ഷ്മബന്ധങ്ങള്‍ പുലര്‍ത്തുന്നവയുമാണ്‌. ആയതിനാല്‍ പരിചയസമ്പന്നനായ ഒരു ഗുരുവിന്റെ കീഴില്‍ ഒരു അംഗവും ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യാതെ നിത്യേന നിയമേന അഭ്യസിക്കുന്നവന്‌ പൂര്‍ണ്ണഫലം ലഭിക്കുമെന്നത്‌ യുഗങ്ങളായി പരീക്ഷിച്ച്‌ തെളിയിക്കപ്പെട്ട സത്യമാണ്‌. പതഞ്ജലീയോഗ ശാസ്ത്രത്തെക്കുറിച്ച്‌ വിപുലവും വിശദവും ആയ ചിന്ത അസാദ്ധ്യമാണെങ്കിലും അഷ്ട‍ാംഗ യോഗത്തിലെ ഓരോ അംഗത്തേയും ലഘുവായി പരിചയപ്പെടുന്നത്‌ ഉചിതമായിരിക്കും.

യോഗശാസ്ത്രത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍

ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെട്ട ഈ ശാസ്ത്ര ശാഖ ഇരുപത‍ാം നൂറ്റാണ്ടിന്റെ രണ്ട‍ാം പകുതിയുടെ തുടക്കത്തോടെ ജനശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയും ഇന്നും രൂഢമൂലമാണ്.

യോഗശാസ്ത്രം എന്നാല്‍ യോഗാസനങ്ങള്‍ മാത്രമാണെന്നുള്ള സങ്കല്‍പ്പമാണ് തെറ്റായ ധാരണകളില്‍ മുമ്പില്‍ നില്‍ക്കുന്നത്. ശരീരത്തെ മുന്നിലേയ്ക്കും പിന്നിലേയ്ക്കും വശങ്ങളിലേയ്ക്കും വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്ന, അതുപോലെ ഒറ്റക്കാലിലും കൈയിലും തലയിലും നിന്നുകൊണ്ട് ചെയ്യുന്ന ബുദ്ധിമുട്ടുള്ള ശാരീരിക അഭ്യാസമാണ് യോഗയെന്ന് നല്ലൊരു ശതമാനം ജനങ്ങളും വിശ്വസിക്കുന്നു.

യോഗശാസ്ത്രം ഹിന്ദുമതാചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും അന്യമതക്കാര്‍ക്ക് നിഷിദ്ധമാണെന്നുമുള്ളതാണ് മറ്റൊരു തെറ്റിദ്ധാരണ.

ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി മുതലായ ചികിത്സാസമ്പ്രദായങ്ങള്‍ പോലെ യോഗശാസ്ത്രവും ഒരു ചികിത്സാരീതി മാത്രമാണെന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല. ‘യോഗാതെറാപ്പി’ ഒരു പുതിയ ചികിത്സാ സമ്പ്രദായമായി ഉയര്‍ന്നുവന്നതാണ് തെറ്റിദ്ധാരണയ്ക്കാധാരം.

അത്ഭുത സിദ്ധികള്‍, അമാനുഷിക കഴിവുകള്‍ ഇവ നേടുന്നതിനുവേണ്ടി സന്യാസിമാരും ഋഷിമാരും രഹസ്യമായി അഭ്യസിക്കുന്ന സമ്പ്രദായമാണ് യോഗ എന്നും സാധാരണ ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. ഗൃഹസ്ഥന്മാര്‍ അത് അറിയുകയോ അഭ്യസിക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് മാത്രമല്ല അത് അവരുടെ കുടുംബജീവിതത്തിന് ദോഷം ചെയ്യുമെന്നുവരെ വിശ്വസിക്കുന്നവരും ധാരാളമുണ്ട്.

യോഗം സ്ത്രീകളും കുട്ടികളും അഭ്യസിച്ച് കൂടെന്നും അത് അവര്‍ക്ക് വര്‍ജ്യമാണെന്നുമുള്ള മിഥ്യാസങ്കല്പവും നിലവിലുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ച്, ആരോഗ്യം ക്ഷയിച്ച്, മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത, പ്രത്യേക ജോലിയില്ലാത്ത വാര്‍ദ്ധക്യ കാലത്ത് അനുഷ്ഠിക്കേണ്ട ജീവിത രീതിയാണിതെന്നും, യുവാക്കന്മാര്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും മറ്റൊരു വിഭാഗം ധരിച്ചു വച്ചിരിക്കുന്നു.

യോഗം അഭ്യസിച്ച് തുടങ്ങിയാല്‍ ഇടയ്ക്ക് നിര്‍ത്തരുതെന്നും മുടങ്ങിയാല്‍ ശാരീരിക, മാനസിക രോഗങ്ങള്‍ ഉണ്ടാകുമെന്നുള്ള തെറ്റായ സങ്കല്പം ചിലരെ യോഗശാസ്ത്രത്തെ ഭയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു.

യോഗശാസ്ത്രം ‘എന്താണെന്ന്’ അറിയാന്‍ അത് ‘എന്തല്ല’ എന്നറിയുന്നത്, ആ അറിവിന്റെ ആഴവും വ്യാപ്തിയൂം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. ആയതിനാല്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട തെറ്റിദ്ധാരണകളും മിഥ്യാസങ്കല്‍പ്പങ്ങളും അപൂര്‍ണ്ണമായ കാഴ്ചപ്പാടുകളും എന്തെല്ലാമെന്ന് തുടക്കത്തില്‍ തന്നെ ചിന്തിക്കുന്നത് ഉചിതമായിരിക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s